റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.
📚 1
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾
റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.
തഫ്സീർ മുഖ്തസ്വർ :
بِاسْمِ اللَّهِ أَبْدَأُ قِرَاءَةَ القُرْآنِ، مُسْتَعِينًا بِهِ تَعَالَى مُتَبَرِّكًا بِذِكْرِ اسْمِهِ، وَقَدْ تَضَمَّنَتْ البَسْمَلَةُ ثَلَاثَةً مِنْ أَسْمَاءِ اللَّهِ الحُسْنَى، وَهِيَ:
• «اللَّهُ»، أَيْ: المَعْبُودُ بِحَقٍّ، وَهُوَ أَخَصُّ أَسْمَاءِ اللَّهِ تَعَالَى، وَلَا يُسَمَّى بِهِ غَيْرُهُ سُبْحَانَهُ.
• «الرَّحْمَنُ»، أَيْ: ذُو الرَّحْمَةِ الوَاسِعَةِ، فَهُوَ الرَّحْمَنُ بِذَاتِهِ.
• «الرَّحِيمُ»، أَيْ: ذُو الرَّحْمَةِ الوَاصِلَةِ، فَهُوَ يَرْحَمُ بِرَحْمَتِهِ مَنْ شَاءَ مِنْ خَلْقِهِ وَمِنْهُمْ المُؤْمِنُونَ مِنْ عِبَادِهِ.
അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു; അവനോട് സഹായം തേടിക്കൊണ്ടും, അവന്റെ നാമം ഉച്ചരിക്കുന്നതിന്റെ ബറകത് (അനുഗ്രഹം) തേടിക്കൊണ്ടും. അല്ലാഹുവിന്റെ അതിമഹത്തരമായ മൂന്ന് നാമങ്ങൾ ‘ബിസ്മി’യിൽ ഉൾക്കൊണ്ടിട്ടുണ്ട്.
* അല്ലാഹു: യഥാർത്ഥ ആരാധ്യൻ. അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ള നാമമാണിത്. അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും ഈ നാമം നൽകാൻ പാടില്ല.
* റഹ്‌മാൻ: അതിവിശാലമായ കാരുണ്യമുള്ളവൻ. അവൻ സ്വയമേ കാരുണ്യമുള്ളവനാണ്.
* റഹീം: അടിമകളിലേക്ക് എത്തുന്ന കാരുണ്യമുള്ളവൻ. അല്ലാഹു ഉദ്ദേശിക്കുന്ന സൃഷ്ടികൾക്ക് മേൽ അവൻ തന്റെ കാരുണ്യം ചൊരിയുന്നു. (അല്ലാഹുവിലും അവന്റെ റസൂലിലും പരലോകത്തിലും) വിശ്വസിച്ച ദാസന്മാർ അക്കൂട്ടത്തിൽ ഉൾപ്പെട്ടവരാണ്.
വിശദീകരണം:
“ബിസ്മി ഏതൊരു സന്ദർഭത്തിലാണോ നീ ചൊല്ലുന്നത്, അതിന് അനുയോജ്യമായ അർത്ഥം അവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്.
ഉദാഹരണത്തിന് നീ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ബിസ്മി ചൊല്ലിയാൽ ‘അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് ഞാൻ ഭക്ഷണം കഴിക്കുന്നു’ എന്നാണ് ആ സന്ദർഭത്തിലെ ഉദ്ദേശം.” (തഫ്സീറു ഇബ്നി ഉഥൈമീൻ: 1/4)
ബിസ്മി; ചില പാഠങ്ങൾ:
1- നബി -ﷺ- ക്ക് ആദ്യമായി അവതരിപ്പിക്കപ്പെട്ട ആയതിൽ തന്നെ ബിസ്മി കൊണ്ട് ആരംഭിക്കുക എന്ന മര്യാദ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾
“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക.” (അലഖ്: 1)
2- ഏതൊരു പ്രവർത്തിക്കും മുൻപിൽ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് അല്ലാഹുവിന്റെ പേര് കൊണ്ടുള്ള അനുഗ്രഹം (ബറകത്) ആ പ്രവൃത്തിയിൽ ലഭിക്കാനുള്ള കാരണമാണ്.
3- എല്ലാ പ്രവർത്തനങ്ങൾക്കും മുൻപ് അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നതിൽ നിന്ന് അല്ലാഹുവിനോട് മാത്രമാണ് സഹായം തേടേണ്ടത് എന്ന് മനസ്സിലാക്കാം.
അല്ലാഹു; അതിമഹത്തരമായ നാമം.
അല്ലാഹുവിൻ്റെ നാമത്തിൽ എന്നു പറഞ്ഞു കൊണ്ടാണ് ബിസ്മി ആരംഭിക്കുന്നത്. സർവ്വ പ്രപഞ്ചത്തിൻ്റെയും സ്രഷ്ടാവും പരിപാലകനുമായ, ഏവരുടെയും രക്ഷിതാവിൻ്റെ ഏറ്റവും മഹത്തരമായ നാമമാണ് അല്ലാഹു എന്നത്.
അല്ലാഹു എന്ന നാമത്തിന്റെ ആശയാർത്ഥം വിശദീകരിച്ചു കൊണ്ട് ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “ആരാധിക്കപ്പെടാൻ അർഹതയുള്ള ഏകഒരുവനും, സർവ്വരാലും ആരാധിക്കപ്പെടുന്നവനുമാണ് അല്ലാഹു. ആരാധിക്കപ്പെടാൻ അർഹതയുള്ള പ്രപഞ്ചസ്രഷ്ടാവിൻ്റെ സർവ്വ വിശേഷണങ്ങളും, എല്ലാ പൂർണ്ണതകളും ഉള്ളവനാണ് അവൻ.” (തഫ്സീറുസ്സഅ്ദി: 39)
ബിസ്മി സൂറ. ഫാതിഹഃയിലെ ആയത്തുകളിൽ ഉൾപ്പെടുമോ?
ബിസ്മി സൂറ. ഫാതിഹയിൽ ഉൾപ്പെട്ടതല്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഇമാം ത്വബരി, ഇബ്‌നുൽ അറബി, ഇബ്‌നു അത്വിയ്യഃ, ഖുർത്വുബി, ഇബ്‌നു തൈമിയ്യഃ തുടങ്ങി അനേകം മുഫസ്സിറുകൾ ഈ അഭിപ്രായം സ്വീകരിച്ചവരാണ്.
ഫാതിഹഃയുടെ ശ്രേഷ്ഠത അറിയിക്കുന്ന പല ഹദീഥുകളിലും നബി -ﷺ- ‘അൽഹംദുലില്ലാഹ്’ എന്ന ആയത് മുതലാണ് പാരായണം ചെയ്തതായി കാണാൻ കഴിയുക.
ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللَّهُ- പറയുന്നു: “സ്വഹീഹായ ഹദീഥുകൾ അറിയിക്കുന്നത് ബിസ്മി ഖുർആനിലെ ആയതുകളിലൊന്നാണ് എന്ന് തന്നെയാണ്. എന്നാൽ അത് ഫാതിഹഃയിലോ മറ്റേതെങ്കിലും സൂറതിലോ ഉൾപ്പെടുന്ന ഒരു ആയത്തല്ല.” (ഫാതാവാൽ കുബ്റാ: 2/122)
അടുത്ത ആയത്ത് [ഫാതിഹഃ 2]..
Comments
Post a Comment