നാല് വിഷയങ്ങള്‍
ശര്‍ഹ് ഉസൂലുസ്സലാസ
നാല് വിഷയങ്ങള്‍
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
റഹ്മാനും [1] റഹീമുമായ [2] അല്ലാഹുവിന്റെ നാമത്തില്‍. [3]
اِعْلمْ رَحِمَكَ اللَّهُ أَنَّهُ يَجِبُ عَلَيْنَا تَعَلُّمُ أَرْبَعِ مَسَائِلَ
അറിയുക! -അല്ലാഹു നിന്നോട് കാരുണ്യം ചൊരിയട്ടെ!-; നാല് വിഷയങ്ങള്‍ പഠിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാകുന്നു. [4]
المَسْأَلَةُ الأُولَى: الْعِلْمُ.
ഒന്നാമത്തെ വിഷയം: അറിവ് (നേടണം എന്നതാകുന്നു). [5]
وَهُوَ مَعْرِفَةُ اللَّهِ، وَمَعْرِفَةُ نَبِيِّهِ -ﷺ-، وَمَعْرِفَةُ دِينِ الإِسْلامِ بالأَدِلَّةِ.
(അറിവ് എന്നാല്‍) അല്ലാഹുവിനെ അറിയലും, അവന്റെ നബിയെ -ﷺ- അറിയലും, ഇസ്‌ലാം മതത്തെ തെളിവുകളോടെ അറിയലുമാകുന്നു. [6]
المَسْأَلَةُ الثَّانِيَةُ: الْعَمَلُ بِهِ.
രണ്ടാമത്തെ വിഷയം: (അറിവ് കൊണ്ട്) പ്രവര്‍ത്തിക്കല്‍. [7]
المَسْأَلَةُ الثَّالِثَةُ: الدَّعْوَةُ إِلَيْهِ.
മൂന്നാമത്തെ വിഷയം: അതിലേക്കുള്ള പ്രബോധനം. [8]
المَسْأَلَةُ الرَّابِعَةُ: الصَّبْرُ عَلَى الأَذَى فِيهِ.
നാലാമത്തെ വിഷയം: അതിലുള്ള ഉപദ്രവങ്ങളില്‍ ക്ഷമിക്കല്‍. [9]
وَالدَّلِيلُ قَوْلُهُ تَعَالَى:
(ഈ പറഞ്ഞതിനുള്ള തെളിവ്) അല്ലാഹുവിന്റെ വാക്കാണ്: [10]
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَالْعَصْرِ ﴿١﴾
“കാലം തന്നെയാണ് സത്യം. [11]
إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. [12]
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾
ഈമാന്‍ [13] സ്വീകരിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.” (അ-സ്വ്-ര്‍: 1-3) [14]
قَالَ الشَّافِعيُّ -رَحِمَهُ اللَّهُ تَعَالَى-: لَوْ مَا أَنْزَلَ اللَّهُ حُجَّةً عَلَى خَلْقِهِ إِلا هَذِهِ السُّورَةَ لَكَفَتْهُمْ.
ഇമാം ശാഫിഈ -رَحِمَهُ اللَّهُ- [15] പറഞ്ഞു: “അല്ലാഹു -تَعَالَى- അവന്റെ സൃഷ്ടികള്‍ക്ക് മേല്‍ ഈ സൂറതല്ലാതെ മറ്റൊന്നും അവതരിപ്പിച്ചില്ലായിരുന്നെങ്കിലും അവര്‍ക്ക് അത് മതിയാകുമായിരുന്നു.” [16]
وَقَالَ البُخَارِيُّ -رَحِمَهُ اللَّهُ تَعَالَى-: بَابٌ: العِلْمُ قَبْلَ القَوْلِ وَالْعَمَلِ، وَالدَّلِيلُ قَوْلُهُ تَعَالَى:
ഇമാം ബുഖാരി -رَحِمَهُ اللَّهُ- [17] പറഞ്ഞു: “വാക്കിനും പ്രവര്‍ത്തിക്കും മുന്‍പ് അറിവാണ് വേണ്ടത് (എന്ന് അറിയിക്കുന്ന) അദ്ധ്യായം).” [18] (അതിനുള്ള തെളിവ്) അല്ലാഹുവിന്റെ വാക്കാണ്:
فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ لِذَنبِكَ
“അതിനാല്‍ അറിയുക! അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റൊരു ഇലാഹും ഇല്ല എന്ന്; നീ നിന്റെ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടുകയും ചെയ്യുക.” [19] (മുഹമ്മദ്: 19)
فَبَدَأَ بِالْعِلْمِ قَبْلَ القَوْلِ وَالعَمَلِ
ഈ ആയതില്‍ വാക്കിനും പ്രവൃത്തിക്കും മുന്‍പ് അറിവ് കൊണ്ടാണ് അല്ലാഹു -تَعَالَى- ആരംഭിച്ചത്.
[1] റഹ്മാന്‍ എന്നത് അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാണ്. വിശാലമായ കാരുണ്യമുള്ളവന്‍ എന്നാണ് അര്‍ഥം.
[2] റഹീം എന്നത് അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാണ്. അടിമകളോട് ധാരാളമായി കാരുണ്യം ചെയ്യുന്നവന്‍ എന്നാണ് അര്‍ഥം.
[3] അല്ലാഹു -تَعَالَى- അവന്റെ ഗ്രന്ഥമായ ഖുര്‍ആനിലെ അദ്ധ്യായങ്ങള്‍ ആരംഭിച്ചത് ബിസ്മി കൊണ്ടാണ്. നബി -ﷺ- അവിടുത്തെ കത്തുകളുടെ തുടക്കത്തിലും ബിസ്മി എഴുതിയിരുന്നു. അതിനാല്‍ ഗ്രന്ഥങ്ങളുടെ ആരംഭത്തില്‍ ബിസ്മി നല്‍കുക എന്നത് സുന്നത്താണ്.
അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് ഞാന്‍ ഈ ഗ്രന്ഥം എഴുതിത്തുടങ്ങുന്നു, വായിച്ചു തുടങ്ങുന്നു എന്നൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അര്‍ഥം ഉദ്ദേശിക്കാം. അവന്റെ നാമം കൊണ്ട് ആരംഭിക്കുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായവും അനുഗ്രഹവും ഉണ്ടായിരിക്കുമല്ലോ?
[4] ‘നിര്‍ബന്ധം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ പറയാന്‍ പോകുന്ന നാല് കാര്യങ്ങള്‍ പഠിക്കല്‍ ഓരോ മനുഷ്യന്റെയും മേല്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ബാധ്യതയാണ് എന്നാണ്. ആരെങ്കിലും അവ പഠിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷക്ക് അവന്‍ അര്‍ഹനായി തീരും. എന്നാല്‍ ആരെങ്കിലും അവ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്‌താല്‍ അല്ലാഹുവിന്റെ മഹത്തരമായ പ്രതിഫലം അവന് ഉണ്ടായിരിക്കുകയും ചെയ്യും.
[5] നിര്‍ബന്ധമായും നേടേണ്ട അറിവ് രണ്ട് രൂപത്തിലുണ്ട്.
ഒന്ന്: എല്ലാവരും പഠിക്കല്‍ നിര്‍ബന്ധമായ വിജ്ഞാനം. അതാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. അവ പുരുഷനെന്നോ സ്ത്രീയെന്നോ, സ്വതന്ത്രനെന്നോ അടിമയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും പഠിക്കേണ്ടതാണ്.
രണ്ട്: ഓരോ വ്യക്തിയുടെയും അവസ്ഥ അനുസരിച്ച് നിര്‍ബന്ധമാകുന്ന വിജ്ഞാനം. ഉദാഹരണത്തിന് കച്ചവടക്കാരന്‍ തന്റെ കച്ചവടവുമായി ബന്ധപ്പെട്ട മതവിധികള്‍ പഠിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. ഭര്‍ത്താവ് തന്റെ ബാധ്യതകളെ കുറിച്ചും, ഭാര്യ അവളുടെ ബാധ്യതകളെ കുറിച്ചും പഠിക്കണം. ഇത് എല്ലാവരുടെയും മേല്‍ നിര്‍ബന്ധമല്ല.
[6] അല്ലാഹുവും റസൂലും -ﷺ- പഠിക്കണം എന്ന് കല്‍പ്പിച്ച വിജ്ഞാനം ഈ മൂന്ന് കാര്യങ്ങളാണ്. അവയാകട്ടെ മതപരമായ വിജ്ഞാനവുമാണ്. ഭൌതികമായ വിജ്ഞാനങ്ങള്‍ -ബയോളജി, കെമിസ്ട്രി പോലുള്ളവ- ഈ പരിധിയില്‍ പെടുകയില്ല.
അവ പഠിക്കുന്നതിന് -അടിസ്ഥാനപരമായി- യാതൊരു പ്രതിഫലമോ ശിക്ഷയോ ഇല്ല. അവ ചിലപ്പോള്‍ കേവലം അനുവദനീയമായേക്കാം. നല്ല ഉദ്ദേശത്തിലാണ് എങ്കില്‍ അതിന് പ്രതിഫലമുണ്ടായിരിക്കും. ചീത്ത ഉദ്ദേശമെങ്കില്‍ ശിക്ഷയും.
[7] അറിവ് നേടുന്നതിന്റെ ഉദ്ദേശം അത് പ്രാവര്‍ത്തികമാക്കുക എന്നതാണ്. പ്രവര്‍ത്തനമില്ലാത്ത അറിവ് അല്ലാഹുവിങ്കല്‍ പ്രതിഫലമല്ല; ശിക്ഷയാണ് നെടിത്തരുക. അല്ലാഹു -تَعَالَى- നമ്മെ കാത്തു രക്ഷിക്കട്ടെ.
യഹൂദര്‍ പിഴച്ചു പോകാനുള്ള കാരണം അവര്‍ നേടിയ അറിവ് അനുസരിച്ച് പ്രവര്‍ത്തിക്കാത്തത് കൊണ്ടായിരുന്നു. അതു കൊണ്ട് തന്നെ അല്ലാഹുവിന്റെ കോപം അവരുടെ മേലുണ്ടായി.
നസ്വാറാക്കളാകട്ടെ; ധാരാളം പ്രവര്‍ത്തിച്ചുവെങ്കിലും അറിവില്ലാത്തതിനാല്‍ അവ പിഴച്ച പ്രവര്‍ത്തനങ്ങളായി തീര്‍ന്നു. അതിനാല്‍ അവ വഴിപിഴച്ചവര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
എന്നാല്‍ ഒരു മുസ്‌ലിം അറിവും അതിന് അനുസരിച്ച പ്രവര്‍ത്തനവും ഉള്ളവനായിരിക്കും. അപ്പോള്‍ മാത്രമാണ് അല്ലാഹു അനുഗ്രഹം ചൊരിഞ്ഞവരില്‍ അവന് ഉള്‍പ്പെടാന്‍ കഴിയുകയുള്ളൂ.
[8] ഒരു മുസ്‌ലിം അറിവിലൂടെയും അതനുസരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയും സ്വന്തത്തെ ശരിയാക്കിയാല്‍, തന്റെ ചുറ്റുമുള്ള സമൂഹത്തെ കൂടെ താന്‍ എത്തിച്ചേര്‍ന്ന നന്മയിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കും. കാരണം അവന്റെ ദീന്‍ അവനെയും അവനുള്‍ക്കൊള്ളുന്ന സമൂഹത്തെയും നന്മയിലേക്ക് നയിക്കുന്ന മഹത്തായ ആദര്‍ശമാണ്. ഈ ബാധ്യത ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രൂപത്തില്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇവിടെ ആദ്യം പറഞ്ഞ ഘട്ടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഠിക്കാതെയുള്ള പ്രബോധനം ഗുണത്തെക്കാള്‍ ഏറെ ദോഷങ്ങളാണ് ഉണ്ടാക്കി വെക്കുക. പഠിച്ചത് അനുസരിച്ച് പ്രവര്‍ത്തിക്കാത്തവന്റെ പ്രബോധനം ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെടുകയുമില്ല. അപ്പോള്‍ മുന്‍പറഞ്ഞ ഘട്ടങ്ങള്‍ പാലിക്കാന്‍ കൂടി അവന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
[9] എത്രയെല്ലാം ഗുണകാംക്ഷയോടെ ജനങ്ങളെ സത്യത്തിലേക്കും നന്മയിലേക്കും ക്ഷണിച്ചാലും അവരില്‍ ചിലരില്‍ നിന്നെങ്കിലും ഉപദ്രവങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരും. ജനങ്ങളില്‍ ഏറ്റവും നന്മ നിറഞ്ഞവരായിരുന്ന നബിമാര്‍ അനേകം പ്രയാസങ്ങളും പരീക്ഷണങ്ങളും തങ്ങളുടെ ജനതയില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. അപ്പോള്‍ അവരെല്ലാം ക്ഷമിച്ചത് പോലെ ഓരോ മുസ്‌ലിമും ക്ഷമിക്കണം.
പ്രബോധനത്തില്‍ മാത്രമല്ല; പഠനത്തിലും അതനുസരിച്ച് പ്രവത്തിക്കുന്നതിലും ക്ഷമ വളരെ വേണ്ടതുണ്ട്. കാരണം അവയിലെല്ലാം അനേകം തടസ്സങ്ങളും ബുദ്ധിമുട്ടുകളും അവന്‍ നേരിടേണ്ടി വന്നേക്കാം. അപ്പോള്‍ ക്ഷമിക്കാനും പതറാതെ മുന്നോട്ടു പോകാനും അവന് സാധിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ അവന് വിജയികളില്‍ ഉള്‍പ്പെടാന്‍ സാധിക്കുകയുള്ളൂ.
[10] ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് -رَحِمَهُ اللَّهُ- ഈ പുസ്തകത്തിലും അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളിലും സ്വീകരിച്ച മനോഹരമായ രീതികളില്‍ ഒന്നാണ് പറയുന്ന കാര്യങ്ങള്‍ക്ക് തെളിവ് നല്‍കുക എന്നത്. വായനക്കാര്‍ ‘കേട്ടതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന വിഡ്ഢി’കളാവുകയല്ല; മറിച്ച് തെളിവ് പരിശോധിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ തന്റെ വിശ്വാസം കെട്ടിപ്പടുക്കുകയും ചെയ്യുന്നവരാകണം എന്ന അദ്ദേഹത്തിന്റെ ഗുണകാംക്ഷ ഇതില്‍ നിന്ന് മനസ്സിലാക്കാം. തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്റെ വിശ്വാസം പടുത്തുയര്‍ത്തവന്‍
[11] അല്ലാഹുവിന്റെ സൃഷ്ടികളില്‍ വളരെ മഹത്തരമായ ഒന്നാണ് കാലം. അതിലാണ് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. അതിനാല്‍ മനുഷ്യനുമായി അഭേദ്യമായ ബന്ധം കാലത്തിനുണ്ട്. കാലത്തെ കൊണ്ട്, ഇത്ര പ്രാധാന്യമുള്ള ഒന്നിനെ കൊണ്ട് അല്ലാഹു -تَعَالَى- സത്യം ചെയ്തു എന്നതില്‍ നിന്ന് ഇനി പറയാനുള്ള കാര്യം വളരെ പ്രാധാന്യമുള്ളതാണ് എന്നു മനസ്സിലാക്കാം.
അല്ലാഹു -تَعَالَى- അവന്റെ സൃഷ്ടികളില്‍ പെട്ട -അവന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളെ കൊണ്ട്- സത്യം ചെയ്യാറുണ്ട്. എന്നാല്‍ അവന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക് മറ്റു സൃഷ്ടികളെ കൊണ്ട് സത്യം ചെയ്യല്‍ അനുവദനീയമല്ല. അവര്‍ -സത്യം ചെയ്യുന്നെങ്കില്‍- അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യണം. അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍ ശിര്‍കാണ് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.
[12] മനുഷ്യനായി ആരെല്ലാമുണ്ടോ അവരെല്ലാം നഷ്ടത്തിലാണ്; ഇനി പറയാന്‍ പോകുന്ന ചില ഗുണങ്ങള്‍ ഉള്ളവരൊഴികെ എന്ന് ഈ ആയത്ത് ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യരാകട്ടെ; നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുന്നവരാണ്. അതിനാല്‍ അടുത്ത ആയത്ത് വളരെ ശ്രദ്ധയോടെ അവന്‍ പരിഗണിക്കേണ്ടതുണ്ട്.
[13] ഈമാന്‍ എന്താണ് എന്നതിന്റെ വിശദീകരണം വഴിയെ വരും.
[14] ഈ ആയത്തില്‍ നാല് വിശേഷണങ്ങള്‍ ഉള്ളവന്‍ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടും എന്നാണ് അല്ലാഹു -تَعَالَى- അറിയിക്കുന്നത്. അവ ഓരോന്നും മേലെ പറഞ്ഞ നാല് വിഷയങ്ങള്‍ക്കുള്ള തെളിവുകളാണ്.
ഈമാന്‍ സ്വീകരിക്കുക എന്നത് അറിവ് നേടുക എന്നതിനുള്ള തെളിവാണ്. കാരണം ഈമാന്‍ സ്വീകരിക്കുക എന്നത് കൊണ്ട് ഉദ്ദേശം ഇസ്‌ലാം ദീന്‍ സത്യമാണെന്ന് വിശ്വസിക്കലും, അത് പ്രഖ്യാപിക്കലും, പ്രാവര്‍ത്തിക ജീവിതത്തില്‍ കൊണ്ടു വരലുമാണ്. ഇതെല്ലാം ചെയ്യണമെങ്കില്‍ അറിവ് നിര്‍ബന്ധമാണ്. അറിവില്ലാത്തവന് വിശ്വസിക്കാനോ അത് പ്രാവര്‍ത്തികമാക്കാനോ കഴിയില്ല. സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക എന്നത് അറിഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതിനുള്ള തെളിവാണ്. സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുക എന്നത് പ്രബോധനത്തെയും, ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുക എന്നത് ക്ഷമയും അറിയിക്കുന്നു.
[15] മുഹമ്മദ് ബ്നു ഇദ്രീസ് അശ്ശാഫിഈ -رَحِمَهُ اللَّهُ-. നാല് മദ്ഹബിന്റെ പണ്ഡിതന്മാരില്‍ മൂന്നാമത്തെയാള്‍. അവരില്‍ നബി -ﷺ- യോട് ഏറ്റവും അടുത്ത വംശപരമ്പരയുള്ള, ഇസ്‌ലാമിക ഫിഖ്ഹിന് മഹാസേവനങ്ങള്‍ നല്‍കിയ പണ്ഡിതന്‍.
[16] ഒരാള്‍ ശരിയാംവണ്ണം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളുടെ ജീവിതവിജയത്തിന് ഈ സൂറത്ത് തന്നെ മതിയായതാണ് എന്നു മാത്രമേ ഇമാം ശാഫിഈ -رَحِمَهُ اللَّهُ- ഈ വാക്ക് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ ഖുര്‍ആനിലെ മറ്റു സൂറത്തുകള്‍ ഒന്നും വേണ്ടതില്ല എന്നല്ല ഈ പറഞ്ഞതിന്റെ ഉദ്ദേശം. അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ കുറിച്ചും, ഇസ്‌ലാമിലെ നിയമങ്ങള്‍ വിശദമായി അറിയാനും, പരലോക ജീവിതത്തെ കുറിച്ചും അറിയാന്‍ ഖുര്‍ആനിലെ മറ്റു സൂറതുകളും, നബി -ﷺ- യുടെ ഹദീസുകളുമൊക്കെ അനിവാര്യമാണ്. എന്നാല്‍ അതിലേക്കെല്ലാം ഈ സൂറത്ത് ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ സൂചന നല്‍കുന്നുണ്ട് എന്ന് മാത്രമാണ് ഇമാമിന്റെ ഉദ്ദേശം.
[17] മുഹമ്മദ് ബ്നു ഇസ്മാഈല്‍ അല്‍-ബുഖാരി -رَحِمَهُ اللَّهُ-. ‘ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥം’ എന്ന് പണ്ഡിതന്മാര്‍ വിശേഷിപ്പിച്ച, നബി -ﷺ- യുടെ സ്വഹീഹായ ഹദീസുകളുടെ മഹത്തായ ശേഖരം -സ്വഹീഹുല്‍ ബുഖാരി- രചിച്ച മഹാ പണ്ഡിതനും മുഹദ്ദിസുകളുടെ ഇമാമും.
[18] ഇമാം ബുഖാരി -رَحِمَهُ اللَّهُ- തന്റെ ഗ്രന്ഥം രചിച്ചത് അദ്ധ്യായങ്ങളും ഉപാദ്ധ്യായങ്ങളുമൊക്കെ നല്‍കി കൊണ്ടാണ്. അവയില്‍ ഒരു അദ്ധ്യായത്തിന്റെ തലക്കെട്ടാണ് ഇത്. വാക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രബോധനമാണ്. ദീനില്‍ ഒരു കാര്യം പ്രവര്‍ത്തിക്കുകയോ അതിലേക്ക് ക്ഷണിക്കുകയോ ചെയ്യണമെങ്കില്‍ അതിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്നാണ് അദ്ദേഹം ഈ തലക്കെട്ട് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.
[19] ഈ ആയത്തില്‍ അല്ലാഹു -تَعَالَى- ആദ്യം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പഠിക്കണം എന്നാണ് കല്‍പ്പിച്ചത്. അതിന് ശേഷമാണ് തിന്മകളില്‍ നിന്ന് പശ്ചാത്താപം തേടാന്‍ കല്‍പ്പിച്ചത്. വിജ്ഞാനമാണ് പ്രവര്‍ത്തനത്തിന് മുന്‍പ് ഉണ്ടാകേണ്ടത് എന്ന് ഈ ആയത്തിലെ മുന്‍ഗണനാ ക്രമത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
كَتَبَهُ : الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:
Comments
Post a Comment