അല്ലാഹു മാത്രമാണ് എന്റെ ഇലാഹ്
അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുത്തേണ്ട, അവന് മാത്രം പ്രത്യേകമായുള്ള അനേകം വിഷയങ്ങളുണ്ടെങ്കിലും അവയെല്ലാം മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കുവാൻ കഴിയും. അതിൽ രണ്ടാമത്തെ അടിസ്ഥാനം ഉലൂഹിയ്യതിലെ ഏകത്വമാണ്. അല്ലാഹു മാത്രമാണ് ഏകഇലാഹ് എന്ന് അംഗീകരിക്കലാണ് ഉലൂഹിയ്യതിലെ തൗഹീദ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇലാഹ് എന്ന നാമവുമായാണ് ‘ഉലൂഹിയ്യഃ’ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന ശഹാദത് കലിമയിൽ -ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ- പരാമർശിക്കപ്പെട്ട നാമമാണത്. ആരാധിക്കപ്പെടുന്നവനാണ് ഇലാഹ് എന്ന് അറബിയിൽ പറയുക; അല്ലാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി ഉള്ളൂ എന്ന വിശ്വാസമാണ് ‘എന്റെ ഇലാഹ് അല്ലാഹു മാത്രമാണ്’ എന്ന് പറയുന്നതിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നത്. അത് തന്നെയാണ് ഉലൂഹിയ്യതിലെ തൗഹീദിന്റെ ഉദ്ദേശവും. ഈ വിശ്വാസം ഹൃദയത്തിൽ ഉറക്കുന്നതോടെ അവന്റെ സർവ്വ ഇബാദതുകളും (ആരാധനകൾ) അല്ലാഹുവിന് മാത്രം സമർപ്പിക്കുന്നവനായി അവൻ പരിവർത്തിപ്പിക്കപ്പെടും. അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധന നൽകുക എന്നതിനേക്കാൾ വെറുപ്പുള്ള മറ്റൊരു തിന്മയും അവന്റെ മുന്നിൽ ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിന്...